
താൻ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ശബ്ദം നഷ്ടപ്പെട്ടുവെന്നുമുള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ തള്ളി നടിയും അവതാരകയുമായജുവൽ മേരി. തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിൽ പൂർണ ആരോഗ്യവതിയാണെന്നും അവർ വ്യക്തമാക്കി.
2023-ൽ തനിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചിരുന്നുവെങ്കിലും സമയബന്ധിതമായ ചികിത്സയും ശസ്ത്രക്രിയയും നടത്തിയതോടെ രോഗമുക്തി നേടിയെന്ന് ജുവൽ മേരി ഓർമിപ്പിച്ചു. മൂന്ന് വർഷം മുൻപ് ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
സാധാരണ ആരോഗ്യ പരിശോധനയ്ക്കിടെയാണ് തൈറോയ്ഡ് കാൻസറിനെക്കുറിച്ചുള്ള സംശയം ഉയർന്നത്. തുടർന്ന് ആവശ്യമായ ചികിത്സ സ്വീകരിച്ച ശേഷം പൂർണമായും സുഖം പ്രാപിച്ചതായും അവർ വ്യക്തമാക്കി. സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ അനുഭവം അന്ന് പൊതുജനങ്ങളുമായി പങ്കുവെച്ചതെന്നും ജുവൽ മേരി കൂട്ടിച്ചേർത്തു. നിലവിൽ താൻ ആരോഗ്യകരമായ ജീവിതം നയിക്കുകയാണെന്നും തനിക്കെതിരായ വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും അവർ അഭ്യർഥിച്ചു.
ജുവൽ മേരിയുടെ വാക്കുകൾ ഇങ്ങനെ:
‘രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല.
2023-ൽ എനിക്കുവന്ന കാൻസറിനെക്കുറിച്ച് ഞാൻ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി, തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്!
എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർ എനിക്കുവേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും, എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക.’










